ഒച്ചയില്ലാത്ത നിലവിളികള് അഥവാ എന്റെ കവിതകള്

Saturday, November 20, 2010

ഡ്രൈ ക്ലീനിംഗ്
സൂചിക്കുഴ
ഉരുണ്ടുരുണ്ടു-
പ്രണയം നടിച്ചു
വരുന്ന നൂലുണ്ടയെ
ക്കണ്ടാ മണ്ടും.

എന്നും വെളുപ്പിനെ,
വന്നു തുടങ്ങും,
സ്വപ്ന ക്കുപ്പായം
തുന്നാന്‍.
ഒന്നമര്‍ത്തി
കല്ലില്‍ തച്ചു
തിരുമ്പിയാല്‍
പിഞ്ഞിപ്പോകുന്നത്.
ഒന്ന് പിഞ്ഞുമ്പോള്‍
അടുത്തതിനു.
അതും കഴിഞ്ഞാല്‍
മറ്റൊന്നിന്.
ഇങ്ങനെ ഒരു
ദിവസവും ഉറങ്ങാന്‍
സമ്മതിക്കൂല.
ആയതിനാല്‍,
ഇനി തുന്നുന്ന
കുപ്പായങ്ങള്‍
നമുക്ക്
ഡ്രൈ ക്ലീനിംഗ്
ചെയ്തെടുക്കാം.... (മാതൃഭൂമി ആഴ്ച്ചപ്പതിപ്പ്, കോളേജ് മാഗസിന്‍,2010 ഒക്ടോ 3 -9 )
ഇതള്‍ വിരിയും മുമ്പേ
(യാത്ര ചോദിക്കാതെ പിരിഞ്ഞ സുഹ്രത്ത് അബ്ദുള്ള കാരാതോടിന്‍റെമീസാന്‍ കല്ലില്‍ കുറിച്ചിടാന്‍,,,,,,)
മുള്ള് വിതച്ച
ശരശയ്യയില്‍ മൊട്ടിട്ട്
കൂമ്പി നിന്ന,ദളങ്ങള്‍
പുഞ്ചിരിച്ചപ്പോള്‍
ഉന്മത്തമായ പരിമള മായിരുന്നു .

വിരിയും മുമ്പേ
നിന്നെ ഇറുത്തെടുത്തെടുത്തത്,
ജന്നാത്തിലെ ഹൂറികള്‍ക്ക്
മെത്ത വിരിക്കാനാണ്.

സമരഭേരികള്‍
മുഴങ്ങിയപ്പോള് ‍കേട്ടയാ-
ഗര്‍ജ്ജനം ഉമറിന്റേതു
തന്നെയായിരുന്നു.

നിന്‍റെ ധര്‍മ്മ
രക്തം ചിന്തിയത്,അന്ന്
ബദര്‍ ജയിച്ച
അല്‍ ഇസ്വാബയില്‍ നിന്ന്
ലേലത്തിലെടുത്ത
പടയങ്കിയിലായിരുന്നു.

നിന്‍റെ
രാജകീയ എഴുന്നള്ളിപ്പ്
കണ്ടു, നിന്നെ ആനയിക്കാന്‍
വന്ന മലാഇക്കത്തുകള്‍
അന്തിച്ചിരുന്നിട്ടുണ്ട്.

എങ്കിലും,
നീ വിരിച്ച തണല്‍
മരങ്ങളില്‍ കൂടു
കൂട്ടിയ കുഞ്ഞിക്കുരുവികളുടെ
കണ്ണീരോഴുക്ക്
ഏത് തൂവാല കൊണ്ട്ഒപ്പിയെടുക്കും....?
(രിസാല 23 ജൂലൈ 2010 )

Wednesday, November 17, 2010

ഒന്നൊഴിവാക്കിത്തരൂ...പ്ലീസ്...
മനസ്സില്‍ പെരുന്നാള്‍
പൂത്തിരി കത്തിയപ്പോള്‍
ഓലപ്പടക്കം പൊട്ടിച്ചതിനു
തൊപ്പി ഇരുമ്ബഴികളെണ്ണി.

പീലി വിടറ്ത്തിയ
മയിലിനോടാരോ
കണ്ണിറുക്കിയതിന്
താടി
കോടതി കയറി.

ഔട്ടോഫ് റെയ്ന്ചിലുള്ള
നമ്ബറ് ഡയല്‍ ചെയ്ത
മഫ്ത
ഫോറ്ത് എസ്റ്റെയ്റ്റിന്റെ
നാലു നാളത്തെ സദ്യക്കു
വെണ്ടക്കയയി.
പ്ളീസ്......
വ്യാജ ഏറ്റു മുട്ടലുകളില്‍
കൊല്ലപ്പെടുന്നവരുടെ
എണ്ണം പിടിക്കാനെങ്കിലും
തസ്ബീഹ് മാലയെ,
ആ ആ അജ്ഞാത മയ്യിത്തുകള്ക്കായി
നമസ്കരിക്കാനെങ്കിലും
മുസ്വല്ലയെ,
നിങളുടെ
കേസ് ഫയലില്‍ നിന്നും
ഒന്നൊഴിവാക്കിത്തരൂ...പ്ളീസ്...... (തേജസ്2010 ജൂണ്‍ 1-15)

Tuesday, November 16, 2010

നിന്നെ പ്രണയിച്ചല്ല

നിന്‍റെ മടിത്തട്ടിലിരുന്നു
കുഴിയാനയെ
ക്കുഴിച്ചുനോക്കിയപ്പോഴും
നിന്‍റെ വിരിമാരിടത്തിലേക്ക്
നെന്മണികളെറിഞ്ഞു
കാത്ത്തിരുന്നപ്പോഴും
ഞാന്‍ നിന്നെ
പ്രണയിക്കുകയായിരുന്നെന്ന്‍,
ണ്ണുമാന്തിയന്ത്രം നിന്‍റെ
നിമ്നോന്നതങ്ങളെ
നിരപ്പാക്കിയത്
നിന്നെച്ചമയിച്ചൊരുക്കാനെന്നു,
പിക്കാസ് കിണര്‍
കുഴിച്ചത് നിന്‍റെ
സ്നേഹത്തിന്‍റെയന്തര്‍-
ധാരയളക്കാനെന്നു
നിന്‍റെ മൗനം
മന്ത്രിച്ചു കാണും.
ഇന്നെന്‍റെ ഹ്രത്തിലെ,
എന്റെ തൊണ്ടയിലെ,
എന്റെ കണ്ണിലെ
ബാഷ്പകണങ്ങളൂറ്റി-
യെടുത്തിരിക്കുന്നു.
ഭാരതപ്പുഴയിലെ നിന്‍റെ
കണ്ണീരൊഴുക്ക് വറ്റി-
ച്ചെടുത്തതു മിതേ
മാലാഖമാര്‍ തന്നെ.
ഇന്ന് ഞാനും
നീയും വരണ്ട ഭൂമി.
ഈ തരിശു നിലത്തില്‍
പ്രണയ മൊട്ടു വിരിയിക്കുന്ന
നീയെത്ര വിഡ്ഢി!
അല്ലെങ്കിലും,
ഹ്രദയഹസ്തങ്ങളില്‍
നിന്നുമെന്നോ
പ്രണയിക്കാനുള്ള പേറ്റന്റ്റ്
ഉടലുകള്‍
തീറെഴുതി വാങ്ങിയിരുന്നു ..
( രിസാല ലക്കം :862 . ഒക്ടോ 16 , 2009 )Monday, November 15, 2010

ഭ്രാന്ത്
മതില്‍ കെട്ടുകള്‍ക്കുള്ളില്‍
കാല്ച്ചങ്ങലകളില്‍
തളച്ചിടപ്പെട്ട
നിന്നെ ഞാന്‍
ഭ്രാന്തനെന്ന്‍ വിളിച്ചിരുന്നു.
നീ ചെയ്ത കുറ്റം
നിന്നെപ്പോലുള്ള
ചിലര്‍ വരച്ചുകാട്ടിയ
ജീവിതമെടുത്തുടുക്കാത്താണ്.
അപ്പയോടും കുറുന്തോട്ടിയോടും
ഘോര-ഘോരമാദര്‍ശം
പ്രസംഗിച്ചതാണ്.
നിന്നെ
പഴിചാരുന്ന ഞാനോ
ആരോ എഴുതിയ
പാട്ടിനൊത്ത് തുള്ളാന്‍
പാടു പെടുകയാണ്.
വിലക്കുകള്‍ ഭേദിച്ചുള്ള നിന്‍റെ
ജീവിതയാത്ര,
അതിരുകളില്ലാത്ത
നിന്റെ സ്വാതന്ത്ര്യം
എല്ലാറ്റിനോടുമെനിക്ക
സൂയ തോന്നിത്തുടങ്ങി.
അനശ്വരതയെ
ചുംബിക്കാന്‍ വെമ്പുന്ന-
എന്റെ മനസ്സിന്റെ ‍
വിഹ്വലതകള്‍ പറയുന്നു:
"ഇനി നീയാണെന്നെ
വിളിക്കേണ്ടത് ഭ്രാന്താ..." (രിസാല ലക്കം 860 ,സെപ്ത-25 ,2009 )